Wednesday, May 2, 2012

ലടേംഗേ, ജീത്തേഗേ : നര്‍മദാ താഴ്വരയില്‍ ഒരു ഹോളി ആഘോഷം

നര്‍മദാ തീരത്തെ രാജ്ഘട്ടില്‍ നിന്ന്

ആന്ദോളന്‍! ഒരു ജനതയുടെ ജീവിതമായിത്തീര്‍ന്ന വാക്ക്. ആരുടേയൊ വികസനത്തിന് സകലതും ബലികൊടുക്കുകയും പിന്നീട് ഭരണകൂടത്തിന്‍റെ അനാസ്ഥയില്‍ വേട്ടയാടപ്പെടുകയും ചെയ്തവര്‍ക്ക് ജീവിതം തന്നെ ആന്ദോളനാണ്. രാജ്യത്തിന്‍റെ വികസനത്തിന് സകലതും നഷ്ടപ്പെടുത്തിയ ആദിവാസികളോടും സാധാരണകര്‍ഷകരോടും ഭരണകൂടം കഴിഞ്ഞ മുപ്പത് കൊല്ലങ്ങളായി തുടരുന്ന നിഷേധാത്മകസമീപനം വേദനപ്പിക്കുന്നതാണ്. പക്ഷെ ആന്ദോളന്‍ പ്രതീക്ഷയാണ്.  പ്രതികരിക്കാന്‍ ശബ്ദമില്ലാത്തവരെ അടിച്ചമര്‍ത്തി വലിയ ഡാമുകളും കെട്ടിടങ്ങളും കെട്ടിപ്പൊക്കിയാല്‍ വികസനം വരുമെന്ന വാദത്തെ നര്‍മദ ബച്ചാവോ ആന്ദോളന്‍ തിരുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പകര്‍ത്താന്‍ മടിക്കുന്നതും ഭരണകൂടം പറയാന്‍ ഇഷ്ടപെടാത്തതുമായ സത്യങ്ങളെ സംഘടിതമായി പോരാടി പുറത്തുകൊണ്ടുവരുന്നു. അവകാശങ്ങള്‍ പൊരുതിതന്നെ നേടണമെന്ന് കാണിച്ചുതരുന്നു. അവഗണന അവസാനമില്ലാത്തതെങ്കില്‍ പോരാട്ടവും അവസാനിക്കാത്തതാകുമെന്ന് തെളിയിക്കുന്നു. . 'ലടേംഗേ, ജീത്തേഗേ' (പൊരുതുക, വിജയിക്കുക) എന്ന ആന്ദോളന്‍റെ മുദ്രാവാക്യം അവകാശങ്ങള്‍ക്കുവേണ്ടിയുള്ള് ഒരിക്കലും നിലക്കാത്ത സമസ്തസമരങ്ങള്‍ക്കും ഊര്‍ജമാകുന്നു. 

കോളേജില്‍ ഫെബ്രുവരി മൂന്നാം വാരം ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ആദിവാസി സംസ്കാരവും വികസന വെല്ലുവിളികളം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിന്‍റെ ചുവടുപറ്റിയാണ് മിഡ് സെമസ്റ്റര്‍ ബ്രേക്കിന്‍റെ ഏഴു ദിവസം നര്‍മദാ താഴ്വരയിലെ ആദിവാസികളോടൊപ്പം ഹോളി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച മേധാ പഠ്ക്കര്‍ ഹോളി ആഘോഷത്തിലേക്ക് ഞങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. നിറങ്ങള്‍ വാരി പൂശാത്ത വെള്ളം ചീറ്റി തെറിപ്പിക്കാത്ത ആദിവാസികളുടെ പരമ്പരാഗത ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നതിനുമപ്പുറം നര്‍മദാ ബച്ചാവോ ആന്ദോളന്‍റെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ പൊരുളറിയുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
ആദിവാസി ഹോളി

ജനത്തിന്‍റെ ഓര്‍മയില്‍ നിന്ന് മറഞ്ഞ് പോയ ഒരു സമരമാണ് നര്‍മദാ ബച്ചാവോ ആന്ദോളന്‍. ആവേശഭരിതമായ പോരാട്ടങ്ങളൊക്കെയും ഒരിക്കല്‍ മാത്രം മാധ്യമശ്രദ്ധയിലും പൊതുബോധത്തിലും വരികയും പതുക്കെ പഴയൊരു സമരമായി സംക്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പല സമരങ്ങളും പ്രക്ഷോഭങ്ങളും പ്രചുരപ്രചാരം സംലഭ്യമാകുന്ന കാലഘട്ടത്തിനുമപ്പുറത്തേക്കും പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നര്‍മദാ ബച്ചാവോ ആന്ദോളന്‍ അത്തരത്തിലൊന്നാണ്. 1985 ല്‍ സര്‍ദാര്‍ സരോവര്‍ പ്രോജക്ടിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്ന മഹാരാഷ്ട്രയിലേയും മദ്ധ്യപ്രദേശിലേയും ഗുജറാത്തിലേയും ആളുകളെ ബോധവത്കരിച്ചുകൊണ്ടായിരുന്നു ആന്ദോളന്‍റെ തുടക്കം. ഡാമിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന ആദിവാസികളും സാധാരണ കര്‍ഷകരും പദ്ധതിയുടെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവകാശബോധത്തോടുകൂടി സംസാരിക്കാന്‍ ആരംഭിക്കുന്നത് പ്രസ്ഥാനത്തിനു കീഴില്‍ ഒറ്റെക്കെട്ടായി അണിനിരന്നതോടുകൂടിയാണ്. നഷ്ടമായ ഫലപൂയിഷ്ടമായ ഭൂമിക്കും കിടപ്പാടത്തിനും പരമ്പരാഗത തൊഴിലിനും പകരംകൊടുക്കാന്‍ ഭരണകൂടം തയാറായിരുന്നില്ല. സര്‍ദാര്‍ സരോവര്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ മുങ്ങിത്താഴുന്ന ഇരുന്നൂറോളം ഗ്രാമങ്ങളില്‍ വസിക്കുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് കേവലം ഒരു വരി പരാമര്‍ശം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡാം നിര്‍മിക്കരുത് എന്നതായിരുന്നു ആന്ദോളന്‍റെ ആദ്യത്തെ ആവശ്യങ്ങളിലൊന്ന്. ശക്തമായ സമരങ്ങളുടെ ഫലമായി വേള്‍ഡ് ബാങ്ക് ധനസഹായം പിന്‍‌വലിക്കുകയും പരമോന്നത നീതിപീഠം ഡാം നിര്‍മാണം നിര്‍ത്താന്‍ ഉത്തരവിറക്കുകയും ചെയ്തു. ആന്ദോളന്‍ മാധ്യമശ്രദ്ധ ആവോളം ആസ്വദിച്ച സമയങ്ങളിലൊന്നായിരുന്നു അത്. പക്ഷെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുനരധിവാസത്തിനോടൊപ്പം ഡാം നിര്‍മാണത്തിന് നീതിപീഠം അനുവാദം നല്‍കുകയുണ്ടായി. പക്ഷെ ഇത് നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചു. ഭൂമി വാങ്ങുവാന്‍ നല്‍കിയ പണം തുച്ഛമായിരുന്നു. ഉപയോഗശൂന്യമായ ഭൂമിയാണ് പലര്‍ക്കും ലഭിച്ചത്. ചിലരുടെ ഭൂമി വാസസ്ഥലത്തുനിന്ന് വിദൂരത്തിലുമായിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ക്കുപുറമെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഭൂമി നല്‍കാനെ തയാറായിരുന്നില്ല. ആന്ദോളന്‍റെ ശ്രമഫലമായി നിരവധി പേര്‍ക്ക് ഭൂമി ലഭ്യമാവുകയുണ്ടായി. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഈ ശ്രമം കോടതിയിലും മറ്റുമായി ഇന്നും തുടരുന്നു. ഇത്തരത്തില്‍ പോരാട്ടത്തിന്‍റെ ഇരുപത്തഞ്ചു കൊല്ലങ്ങള്‍. പൊതുജന ശ്രദ്ധമറഞ്ഞിട്ടും, ആന്ദോളന്‍ ഇന്നും ഇവിടെ സജീവമാണ്.



ആന്ദോളന്‍റെ നേതാക്കളേയും പ്രത്യേകിച്ച് മേധാ പട്കറേയും വികസനവിരോധികളായി ചിത്രീകരിക്കുന്നതിന്റെ അര്‍ത്ഥമില്ലായ്മ സര്‍ദാര്‍ സരോവര്‍ പ്രോജക്ടിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പഠിച്ചാല്‍ എളുപ്പം മനസിലാകും. ഒരു വലിയ ദേശത്തെ ജലസേചനം നടത്തി ഹരിതസുവര്‍ണ ഭൂമിയാക്കുമെന്നും വലിയ അളവില്‍ വൈദ്യുതി ഉല്പാദനമെന്നുമൊക്കെ സ്ഥാപിച്ച് ആരംഭിച്ച പദ്ധതി അതിന്‍റെ ഗുണഫലങ്ങളുടെ പതിന്മടങ്ങ് നഷ്ടങ്ങളാണ് വരുത്തിവെച്ചത്. നിരര്‍ത്ഥകവും സമഗ്രവുമല്ലാത്ത ഒരു വികസനപദ്ധതിയുടെ പ്രായോഗികതയെയാണ് ആന്ദോളന്‍ നഖശിഖാന്തം എതിര്‍ക്കാന്‍ ശ്രമിച്ചത്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പദ്ധതിയുടെ ലാഭനഷ്ടങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് റിപ്പോര്‍ട്ട് പ്രകാരം ആസൂത്രണം ചെയ്യപ്പെട്ട പദ്ധതി ചെലവ് 6406 കോടി രൂപയില്‍ നിന്ന് 45673 കോടി രൂപയായി. ഗുജറാത്തിലും രാജസ്ഥാനിലും പദ്ധതിയുടെ കനാലുകളം ഉപകനാലുകളൂം 20 % മാത്രമാണ് പൂര്‍ത്തിയായത്. കുടിവെള്ള പദ്ധതിയുടെ ഗുണഫലവും ഭൂരിഭാഗം വില്ലേജുകളിലും എത്തിയിട്ടില്ല. ഇതിനെല്ലാം പുറമെയാണ് പദ്ധതി വരുത്തിവെച്ച പുനരധിവാസ ചെലവുകളും പാരിസ്ഥിതിക പ്രശ്നങ്ങളും. ചുരുക്കത്തില്‍ വികസനത്തിനെതിരെയായിരുന്നില്ല ആന്ദോളാന്‍റെ പോരാട്ടം, മറിച്ച് വികസനം എന്ന വ്യഥാവാദത്തിനെതിരെയായിരുന്നു. സമഗ്രവും സുസ്ഥിരവുമായ കാഴ്ചപ്പാട് നഷ്ടമാകുന്ന നമ്മുടെ പല വികസന പദ്ധതികള്‍ക്കുമായുള്ള ശക്തമായ മുന്നറിയിപ്പുതന്നെയാണ് ആന്ദോളന്‍റെ തുടരുന്ന പോരാട്ടം.
ആദിവാസി ഹോളി
ഉയര്‍ന്നുവന്ന നര്‍മദയും ഭരണാധികാരികളുമെല്ലാം കവര്‍ന്നെടുത്തിട്ടും ഇത്തിരി ബാക്കിയുള്ള പരമ്പരാഗത സംസ്കാരത്തിന്‍റെ ശേഷിപ്പ് വെച്ചാണ് ആദിവാസികള്‍ ഇവിടെ ഹോളി ആഘോഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന താളവും നൃത്തവുമാണ് ആദിവാസികളുടെ ഹോളി. നഗരങ്ങളിലെ ഹോളിയില്‍ നിന്ന് തികച്ചും വ്യത്യസ്തം. രാത്രിയില്‍ സമീപ ഗ്രാമങ്ങളിലെ ആദിവാസികള്‍ ചിത്രപണി ചെയ്ത ഉടലും മണി കെട്ടിയ അരയും അലങ്കരിച്ച തൊപ്പിയും വികൃതമായ മുഖം മൂടിയും വെച്ച് വലിയ പെരുമ്പറയും തൂക്കി ഒത്തുകൂടുന്നു. മുഴങ്ങുന്ന ചെണ്ടയുടെ താളത്തിനൊപ്പം എല്ലാവരും ഒരുമിച്ച് വട്ടത്തില്‍ പുലരുവോളം നൃത്തം ചവിട്ടുന്നു. വേഷം കെട്ടിയണിഞ്ഞ പലരും പല കഥാപാത്രങ്ങളായി ആടുകയാണ്. ചിലര്‍ മഴയായി, ഭൂമിയായി, കടുവയായി, രക്ഷകനായി. ചിലര്‍ വാളേന്തിയിട്ടുണ്ട്. സ്ത്രീകള്‍ വേഷംകെട്ടി ആടാറില്ല. ആണുങ്ങള്‍ പെണ്ണാവുകയാണ് പതിവ്. പുലരുമ്പോള്‍ കൂട്ടിവെച്ചിരിക്കുന്ന ചുള്ളികള്‍ക്ക് തീ കൊളുത്തുന്നു. അതോടെ പലസ്ഥലങ്ങളില്‍ നൃത്തംവെച്ചിരുന്നവര്‍ അതിനുചുറ്റുമെത്തി വട്ടത്തില്‍ നൃത്തം തുടരുന്നു. ബാക്കിയാകുന്ന ഓരോരുത്തരും താന്താങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഇതോടെ അന്നത്തെ ഹോളി പൂര്‍ത്തിയാകുന്നു. പക്ഷെ ആ ഗ്രാമം വിട്ട് തിരികെ പോകുമ്പോള്‍ ചെണ്ടയുടെ ഇടവിട്ട മുഴക്കവും അരമണികളൂടെ തുടര്‍ച്ചയായ കിലുക്കവും ചെവിയില്‍ വീണ്ടും വീണ്ടും നൃത്തം ചെയ്തുകൊണ്ടിരിക്കും.


നര്‍മദാ ബച്ചാവോ ആന്ദോളന്റെ ആദ്യ സമരമുഖം മണിബേലിയും പരിസരത്തുള്ള ഒമ്പത് ഗ്രാമങ്ങളുമായിരുന്നു. ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുന്ന ഈ ഗ്രാമങ്ങള്‍ സത്പുര മലനിരകളുടെ ഏതോ ഒരു കോണില്‍ നര്‍മദയാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. കടന്നെത്തുവാന്‍ നല്ല റോഡോ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇവിടില്ല. തെന്നി താഴേക്ക് പതിക്കാന്‍ സാധ്യതയുള്ള ഒരു ഒറ്റയടി പാതയിലൂടെ മലയിറങ്ങിയാണ് ഞങ്ങള്‍ നീങ്ങിയത്. തുടര്‍ന്ന് ബോട്ടില്‍ സഞ്ചരിച്ചുവേണം ഇവിടങ്ങളില്‍ എത്താന്‍. വിദൂരവും അപ്രാപ്യവുമായ ഈ ഇടങ്ങളില്‍ ഇരുപത്തഞ്ചുകൊല്ലം മുമ്പ് ദുഷ്കരമായ പാറക്കെട്ടുകളും താണ്ടി അവകാശങ്ങള്‍ എന്ന വാക്കുതന്നെ കേട്ടിട്ടില്ലാത്ത ആയിരക്കണക്കിന് ആദിവാസികളെ ശാക്തീകരിക്കാന്‍ ആന്ദോളനായി എന്നെ വിസ്മയപ്പെടുത്തുന്നു.
ദേവറാം ഭയ്യ
ഓരോ പ്രസ്ഥാനവും ഓരോ വിപ്ലവവും മുന്നോട്ട് നീങ്ങുന്നത് അതിനായി ജീവിതം മുഴുവനായി ഉഴിഞ്ഞുവെച്ചവരുടെ അര്‍പ്പണത്തിലാണ്. ത്യാഗസന്നദ്ധമായ മാറ്റിവെക്കലുകള്‍. നാടിന്‍റെ നന്മയ്ക്കായി സ്വയം മറക്കാന്‍ തയാറാകുന്നവര്‍. ആശാവഹമായ ആസന്നഭാവിയെ ഒന്നും അവര്‍ മുന്നില്‍ കാണുന്നില്ല. പോരാട്ടത്തിന്‍റെ ഒടുങ്ങാത്ത ദുര്‍ഘടമായ പാത മാത്രമേ അവരുടെ മുമ്പിലുള്ളൂ. പൊരുതാന്‍ കരുത്തു നല്‍കുന്നത് വിശ്വസിക്കുന്ന മൂല്യങ്ങളിലുള്ള ധൈര്യം മാത്രം. ഇത്തരത്തിലുള്ള ചിലരെ ഞങ്ങളവിടെ കണ്ടു. അതിലൊന്ന് ദെവറാം ഭയ്യ ആണ്. മണല്‍ മാഫിയ ഒടിച്ചിട്ട കാലുമായാണ് ദേവറാം ഭയ്യ ഞങ്ങളെ സ്വീകരിച്ചത്. സമരത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ദേവറാം വാചാലനായി. "1986 മേധാ ജിയെ ഒരു ധാബയില്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ പരിചയപ്പെട്ടു. പദ്ധതി വന്നാല്‍ എങ്ങോട്ട് പോകുമെന്ന് ചോദിച്ചു. ഞങ്ങള്‍ക്കൊന്നും അതിനെ പറ്റി യാതൊരു അറിവുമില്ലായിരുന്നു. മീറ്റിംഗിന് വരാന്‍ മേധാ ജി ക്ഷണിച്ചു. പിന്നീട് ആന്ദോളനുവേണ്ടി വയലുപേക്ഷിച്ചു. എല്ലാവരും കുറ്റപ്പെടുത്തി. പക്ഷെ ഇപ്പോള്‍ സന്തോഷമേയുള്ളൂ." അനധികൃത നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ ശബ്ദിച്ചതിന് ദേവറാമിനെ മണല്‍ മാഫിയ അപായപ്പെടുത്തുകയാണുണ്ടായത്. എങ്കിലും പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വികസനത്തെക്കുറിച്ചും ദേവറാമിന് പലതും പറയാനുണ്ടായിരുന്നു. "വലിയ കെട്ടിടങ്ങളും ഫാക്ടറികളും കെട്ടിപ്പടുക്കുന്നതല്ല വികസനം. സ്വയം പര്യാപ്തമായ ഗ്രാമങ്ങളായിരിക്കണം വികസനത്തിന്‍റെ ലക്ഷ്യം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കാന്‍ നമുക്കാകണം. അതിന് ഗ്രാമസഭകളെ ശാക്തീകരിക്കണം. അധികാരകേന്ദ്രങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനാവുന്നില്ല." ഒരു സധാരണ ഗ്രാമീണ പൊതുപ്രവര്‍ത്തകന്‍റെ ശബ്ദമായിരുന്നു ദേവറാമിന്റേത്. വികസനത്തിന്‍റേത്. വലിയ കണക്കുകളോ മാര്‍ക്കറ്റ് കാഴ്ചപ്പാടുകളോ ഇവര്‍ക്ക് ദഹിക്കുന്നില്ല. അന്നന്നത്തെ അന്നവും സമഗ്രമായ വികസനവുമാണ് ബഹുഭൂരിപക്ഷം വരുന്ന ഒരു സാധാരണ ഗ്രാമീണന്‍റെ വികസന ദര്‍ശനമെന്ന് ദേവറാം പറഞ്ഞുതരികയായിരുന്നു.
ചിമല്‍ക്കേടിയിലെ ഹോളിക്ക് ശേഷം

മുഴുവന്‍ സമയവും ആന്ദോളനില്‍ അര്‍പ്പിച്ച ചെറുപ്പക്കാരാണ് ആന്ദോളന്‍റെ മറ്റൊരു ഊര്‍ജ്ജകേന്ദ്രം. ശ്രീകാന്ത് ഭയ്യ അത്തൊരാളാണ്. അഞ്ചുകൊല്ലം മുമ്പ് ആന്ദോളനില്‍ പ്രവര്‍ത്തിക്കാനെത്തിയതാണ്. തന്‍റെ കരിയറും ആശാപൂര്‍ണമായ ഭാവിയും കളഞ്ഞ് രാപകല്‍ ആന്ദോളന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. യോഗിണി, ലതിക, അമീന തുടങ്ങീ പലരും പ്രസ്ഥാനത്തിനുവേണ്ടി മുഴുവന്‍ സമയം മാറ്റിവെയ്ക്കുന്നു. ആന്ദോളന്‍റെ തുടക്കത്തില്‍ ചെറുപ്പക്കാര്‍ വഹിച്ച പങ്കിനേക്കുറിച്ച് മേധാ പാടേക്കറും സൂചിപ്പിക്കുകയുണ്ടായി.  ഇരുപത്തന്‍ഞ്ച് കൊല്ലത്തിനപ്പുറവും ആന്ദോളന്‍റെ ആവേശം ജ്വലിച്ചുനില്‍ക്കുന്നത് ഇത്തരം അര്‍പ്പണമനോഭാവമുള്ള ചെറുപ്പക്കാരിലൂടെയാവാം.
ഓര്‍ക്കേയ് സിങ്
ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ശ്രമങ്ങളും ആന്ദോളന്‍ നടത്തിവരുന്നുണ്ട്. ഒന്നുമുതല്‍ അഞ്ചുവരെ പഠിക്കാനായി ജീവന്‍ശാല എന്നപേരില്‍ ആന്ദോളന് സ്കൂളുണ്ട്. പരിസരപ്രദേശങ്ങളില്‍ നിന്നും ഇരുന്നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ബ്ലോക്കാഫീസിനുമുമ്പില്‍     ക്ലാസെടുത്ത് സമരം ചെയ്തതിനെ തുടര്‍ന്നാണ് നിലവിലെ സ്കൂള്‍ പണിയുവാന്‍ അധികാരികള്‍ തയാറായത്. എങ്കിലും ജീവന്‍ശാലയെ  പൊതുവിദ്യാഭ്യാസത്തിന്‍റെ  ഭാഗമാക്കാന്‍ ഇനിയും അധികാരികള്‍ തയാറായിട്ടില്ല. ഉപരിപഠനത്തിനായി എത്തിപ്പെടുന്ന പല ആദിവാസി വിദ്യാര്‍ത്ഥികളും വിവേചനത്തിന് ഇരയാകുന്നുമുണ്ട്. നഗരത്തിലെ കോളേജില്‍ എം എ ഇംഗ്ലീഷ് പഠിക്കുന്ന ഓര്‍ക്കേസ് സിങ് ഈ വിവേചനത്തേക്കുറിച്ച് സൂചിപ്പിച്ചു. " കോളേജില്‍ പല അധ്യാപകരും ഞങ്ങളോട് മാത്രം വിവേചനത്തോടെ പെരുമാറാറുണ്ട്. കാരണമില്ലാതെ മാര്‍ക്ക് കുറയ്ക്കും. ഇംഗ്ലീഷ് സംസാരിക്കാനൊന്നും അവസരം കിട്ടാറില്ല." പഠിക്കുന്ന പുസ്തകങ്ങളേക്കുറിച്ചും സിലബസിനേക്കുറിച്ചുമൊക്കെ ഓര്‍ക്കേസ് സിങ് വിശദീകരിച്ചു. മറ്റാരുടേയോ വികസനത്തിനുവേണ്ടി സകലതും ത്വജിക്കാന്‍ തയാറായ ഒരു സമൂഹത്തിന്റെ വികസന മോഹങ്ങളെ തകര്‍ത്തുകളയുന്ന ഇത്തരം വിവേചനങ്ങള്‍ പൊറുക്കാനാവാത്ത ക്രൂരതയാണ്.

ജീവന്‍ശാല സ്കൂള്‍
പക്ഷേ ഇത്തരം ക്രൂരതകളോടെല്ലാം ഒരു സമൂഹം പ്രതികരിച്ചത് അച്ചടക്കത്തോടെയായിരുന്നു. ഗാന്ധിയുടെ അഹിംസാസിദ്ധാന്തത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഒരിക്കലും ആന്ദോളന്‍ തയാറായിരുന്നില്ല. അക്രമരൂക്ഷിതമായ മാവോയിസ്റ്റ് സമരഭൂമികള്‍ വാര്‍ത്തകളില്‍ നിറയവേ അത്തരമൊരു സമരസാധ്യതയെ ഇവിടുത്തെ ജനത സംയമനത്തോടെ തള്ളിക്കളഞ്ഞു. സത്യാഗ്രഹങ്ങളും സമാധാനപരമായ പ്രതിക്ഷേധങ്ങളുമായി ഏറെ പൊരുതിയ ആന്ദോളന്‍ ഇന്ന് നിയമയുദ്ധത്തിന്‍റെ വഴിക്കാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് കഴിയുമെന്ന  അടിച്ചമര്‍ത്തപ്പെട്ടവന്‍റെ അചഞ്ചല ബോധ്യത്തിന്‍റെ ഭാഗമാണിത്. പക്ഷെ അവര്‍ക്കതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരുന്നു, സമരം ചെയ്യേണ്ടി വരുന്നു, സം‌യമനം പാലിക്കേണ്ടി വരുന്നു. നീതിപീഠത്തേയും ഭരണകൂടെത്തേയും വിശ്വസിച്ചുള്ള ഈ കാത്തിരിപ്പിനെ മാനിക്കുകയും അതുവഴി യഥാവിധവും വേഗത്തിലുമുള്ള  ഒത്തുതീര്‍പ്പിലേക്കെത്തുകയും ചെയ്യുവാന്‍ സംസ്ഥാനസര്‍ക്കാറുകളാക്കായാല്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ മികച്ച വിജയങ്ങളിലൊന്നായിരിക്കും അത്.

2 comments:

iya said...

oru pakshe janaadipatya-ahimsa maarga samarangal indiayil ini orikkalum vijayikkilla ennanu NBA yiloode theliyikkapedunnathenkilo?

Anonymous said...

Hai Anuroop,,nothing new coming from uuu